Wednesday, March 5, 2014



കഥ

ജല സംരക്ഷണം 


രാധാകൃഷ്ണൻ പനയാൽ
ഒരിറ്റ് വെള്ളത്തിന് കിലോമീറ്ററുകൾ നടക്കേണ്ടിവരുന്ന , വെള്ളത്തിനായ് ഊഴമിട്ട് നില്ക്കേണ്ടി വരുന്നത്കൊണ്ട് സ്കൂളിൽപോലും പോകാൻകഴിയാത്ത കുട്ടികളുള്ള ഒരു ഗ്രാമത്തിന്റെ ദൈന്യത തന്റെ കണ്ണീരും ചേർത്താണ് മാഷ് ക്ലാസ്സിലവതരിപ്പിച്ചത്.
വേനല്ക്കാലത്തെ റുതിക്കാഴ്ച്ചകളെക്കുറിച്ചുള്ള പാഠത്തിന്റെ ആമുഖമായാണ്    പറഞ്ഞതെങ്കിലും കുട്ടികളുടെ കണ്ണിൽ പെയ്യാൻ വിതുമ്പിനില്ക്കുന്ന മഴമേഘങ്ങൾ കണ്ടപ്പോൾ അത്രയ്ക്ക് വേണ്ടായിരുന്നെന്ന് തോന്നി. വെള്ളത്തിന് പാലിന്റെ വില നല്കേണ്ടി വരുന്ന പുതിയകാലത്ത് ജലസംരക്ഷണത്തിന് നമുക്ക് എന്തൊക്കെ ചെയ്യാം എന്ന് ചോദിച്ചതെയുള്ളൂ ..... മഴക്കുഴി , പുഴസംരക്ഷണം, മഴക്കൊയ്ത്ത് , ജലശുദ്ധീകരണം , പുതിയതരം ടാപ്പുകൾ….  കുട്ടികളിൽനിന്ന് നൂറുനൂറു ആശയം മഴവെള്ളം പോലെ ഒഴുകി വന്നു. പുതിയ തലമുറയെക്കുറിച്ചുള്ള , നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷയുടെ മഴനാരുകൾ മാഷിനെ കുളിരണിയിച്ചു. മാഷ് ഉത്സാഹത്തോടെ തുടര്ന്നു. വേനല്ക്കാലവറുതികൊണ്ട്   കഷ്ടപ്പെടുന്ന ഒരു ഗ്രാമത്തിൽ നിങ്ങൾ എത്തിയെന്ന് കരുതുക. അവിടെക്കാണുന്ന സങ്കടകരമായ കാഴ്ചകൾ എന്തൊക്കെയായിരിക്കും , നിങ്ങള്ക്ക് അവിടെ എന്തൊക്കെ ചെയ്യാനാകും ? എന്ന് ഒരു രണ്ട്മിനിട്ട്നേരം കണ്ണടച്ചിരുന്നുകൊണ്ട്  ഒന്ന് ആലോചിച്ചുനോക്കുക. 
ട്ണിം… ട്ണിം..  ട്ണിം..  മണി മുഴങ്ങി . കുട്ടികൾ പുസ്തകം അടച്ചുവെച്ചു. വല്ലസമയത്തും വന്നെത്തിയേക്കാവുന്ന പഞ്ചായത്തിന്റെ കുടിവെള്ളവണ്ടിയെ കാത്തുനിൽക്കുന്ന വൃദ്ധ്കളുടെയും കുട്ടികളുടെയും ഇടയിൽ നിന്ന് മാഷും തിരിച്ചു വന്നു . ക്ലാസ്സിനു  പുറത്തേക്ക് പോകുന്നതിനിടയിൽ എന്തോ ഓർത്തുകൊണ്ട് മാഷ് പറഞ്ഞു. അടുത്ത ഞായറാഴ്ച നമുക്ക് ഒരു യാത്ര പോകാം . എവിടേക്ക് പോകാനാണ് നിങ്ങള്ക്ക് താല്പ്പര്യം ?
“വണ്ടർലാ…, വീഗാലാന്റ്.., വിസ്മയ, സിൽവർസ്റ്റോം.. ... കുഞ്ഞലകൾ തിരമാലകളായി . അവ പിന്നെ ഉയര്ന്നുയര്ന്നു താഴ്ന്നുതാഴ്ന്ന് പലവഴിക്ക് പിരിഞ്ഞൊഴുകുന്ന അമ്യൂസ്മെന്റ് കൈവഴികളായ് പുറത്തേക്കൊഴുകി ....